വാഷിങ്ടൻ ∙ നിരീക്ഷണ സംവിധാനങ്ങളുടെ ശ്രദ്ധ തെറ്റിച്ച് അതിസൂക്ഷ്മമായ മുന്നൊരുക്കത്തോടെയാണ് ഇറാനിൽ യുഎസ് സൈന്യം ആക്രമണം നടത്തിയത്. കൂടുതൽ വിമാനങ്ങളെ മറ്റൊരു വഴിക്കു പറത്തി നിരീക്ഷണ സംവിധാനങ്ങളെ കബളിപ്പിച്ചാണ് ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ എന്നു പേരിട്ട ദൗത്യത്തിന് യുഎസ് തുടക്കമിട്ടത്. യുഎസ് ഭരണകൂടത്തിലെ ഏതാനും പേർക്കു മാത്രമാണ് നീക്കങ്ങൾ അറിയാമായിരുന്നത്.
വെള്ളിയാഴ്ച അർധരാത്രിയും ശനി പുലർച്ചെയുമായി ഇരുപത് ബി–2 ബോംബർ വിമാനങ്ങൾ യുഎസിലെ മിസൗറിയിലുള്ള വൈറ്റ്മാൻ വ്യോമസേനാ താവളത്തിൽ നിന്ന് പറന്നുയരുന്നു. ഇതിൽ ഏതാനും വിമാനങ്ങൾ പസിഫിക് ദ്വീപായ ഗ്വാം ലക്ഷ്യമാക്കി പടിഞ്ഞാറേക്ക് നീങ്ങി. അതേസമയം, യഥാർഥത്തിൽ ആക്രമണ ദൗത്യം ഏൽപ്പിച്ചിരുന്ന ഏഴ് ബി–2 ബോംബർ വിമാനങ്ങൾ ഇറാൻ ലക്ഷ്യമാക്കി കിഴക്കോട്ടു പറന്നു. ഇന്ധനം നിറയ്ക്കുന്നവ ഉൾപ്പെടെ 125 യുദ്ധവിമാനങ്ങൾ വിവിധ യുഎസ് താവളങ്ങളിൽ നിന്ന് ബി–2 ബോംബറുകൾക്ക് അകമ്പടിയായി എത്തി. 18 മണിക്കൂർ നീണ്ട യാത്രയിൽ ആകാശത്തുവച്ചുതന്നെ വിമാനങ്ങളിൽ പല തവണ ഇന്ധനം നിറച്ചു. ഈ സമയങ്ങളിലെല്ലാം അത്യാവശ്യത്തിനു മാത്രമാണ് ആശയവിനിമയം നടത്തിയത്.
ആക്രമണദൗത്യം ഏൽപ്പിച്ചിരുന്ന ഏഴ് ബി–2 ബോംബർ വിമാനങ്ങൾ 11,200 കിലോമീറ്റർ പറന്ന് ഇറാന്റെ വ്യോമമേഖലയിൽ എത്തി. തുടർന്ന് ഇറാൻ സമയം പുലർച്ചെ 2.10നു കടലിൽനിന്ന് യുഎസ് അന്തർവാഹിനി രണ്ടു ഡസനിലേറെ ടോമഹോക് മിസൈലുകൾ ഇസ്ഫഹാൻ ലക്ഷ്യമാക്കി തൊടുത്തുകൊണ്ട് ആക്രമണത്തിന് തുടക്കമിട്ടു. ഇറാന്റെ യുദ്ധവിമാനങ്ങളുടെയും വിമാനവേധ മിസൈലുകളുടെയും ശ്രദ്ധതെറ്റിക്കാൻ ബോംബർ വിമാനങ്ങൾക്കു മുൻപിലായി അതിവേഗ യുദ്ധവിമാനങ്ങൾ ഉയരത്തിൽ പറന്നു. തുടർന്ന് ഇറാനിൽ കടന്ന ബി–2 ബോംബർ വിമാനങ്ങൾ, ഭൂമി തുരന്ന് സ്ഫോടനം നടത്തുന്ന ജിബിയു–57 ബങ്കർ ബസ്റ്റർ ബോംബുകൾ ഫൊർദോയിൽ വർഷിച്ചു. ബി–2 ബോംബർ വിമാനങ്ങളിൽ ഓരോന്നിലും 13,600 കിലോ വീതം ഭാരമുള്ള രണ്ട് ബങ്കർ ബസ്റ്റർ ബോംബുകളാണ് ഉണ്ടായിരുന്നത്. പിന്നാലെ നതാൻസ്, ഇസ്ഫഹാൻ ഭൂഗർഭ ആണവനിലയങ്ങൾക്കു നേരെയും തുടർച്ചയായി ബങ്കർ ബസ്റ്റർ ബോംബുകൾ തൊടുത്തു. തുടർന്ന് ഇസ്ഫഹാനിൽ വീണ്ടും ടോമഹോക് മിസൈൽ ഉപയോഗിച്ച് ആക്രമണം. 25 മിനിറ്റ് നീണ്ട ആക്രമണത്തിനു ശേഷം വിമാനങ്ങൾ മടങ്ങി.
യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ബി–2 ബോംബർ ആക്രമണമാണ് ഞായറാഴ്ച പുലർച്ചെ ഫൊർദോ, നതാൻസ്, ഇസ്ഫഹാൻ ഭൂഗർഭ ആണവനിലയങ്ങൾക്കു നേരെയുണ്ടായത്. ബി–2 ബോംബർ വിമാനങ്ങൾ നടത്തിയ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ ദൗത്യവും ഇതാണ്. 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിനു പിന്നാലെ നടത്തിയ സൈനിക നടപടിയാണ് ആദ്യത്തേത്.
English Summary:
Operation Midnight Hammer: Operation Midnight Hammer involved a stealth US military strike on Iran. Focusing on the element of surprise, the operation targeted Iranian nuclear facilities.
mo-news-common-bomb-threat 1og1jkp8hkkoucbvpvqd9dm198 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-common-iran-us-tension mo-news-common-worldnews mo-news-world-countries-unitedstates mo-news-common-iranisraeltension