Press "Enter" to skip to content

111 Km, 14 സ്റ്റേഷനുകൾ, ചെലവ് 3810 കോടിരൂപ, Angamali-Sabari railway line, Kerala railway project, Railway Board, land acquisition, rail project

ന്യൂഡൽഹി: കാൽനൂറ്റാണ്ടിലേറെയായി ഇഴഞ്ഞുനീങ്ങുന്നതും ഇടയ്ക്കുെവച്ച് മരവിപ്പിക്കപ്പെട്ടതുമായ അങ്കമാലി-ശബരി റെയിൽപ്പാതയ്ക്ക് വീണ്ടും ജീവൻവെക്കുന്നു.

മരവിപ്പിച്ച പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള കേരളത്തിന്റെ ആവശ്യത്തിന് റെയിൽവേബോർഡിന്റെ അനുകൂലതീരുമാനം ഉണ്ടായതിനുപിന്നാലെ പദ്ധതിക്കുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ ജൂലായിൽ പുനരാരംഭിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഈ മാസം റെയിൽവേ മന്ത്രാലയത്തിന്റെ വിദഗ്ധസമിതി സ്ഥലം സന്ദർശിക്കും. മുഖ്യമന്ത്രി പിണറായി വിജയനും റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്‌മാനും കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസും റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവുമായി ചൊവ്വാഴ്ചനടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ. ഇതോടെ അങ്കമാലി-ശബരി പാതയ്ക്ക് പകരമായി മുന്നോട്ടുവെച്ച ചെങ്ങന്നൂർ-പമ്പ പദ്ധതിനിർദേശം മരവിപ്പിക്കും.

ആദ്യാനുമതി 1997-98ൽ

1997-98ലെ ബജറ്റിലാണ് അങ്കമാലി-ശബരി പാതയ്ക്ക് ആദ്യമായി കേന്ദ്രം അനുമതിനൽകിയത്. 111 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയിൽ കാലടി മുതൽ രാമപുരംവരെയുള്ള 70 കിലോമീറ്റർവരെ സ്ഥലമേറ്റെടുപ്പിനുള്ള സർവേനടപടികൾ പൂർത്തിയാക്കിയിരുന്നു. ഇവിടെ സ്ഥലമെടുപ്പിന് തടസ്സങ്ങളില്ലെന്ന് കേരളം വ്യക്തമാക്കി. കഴിഞ്ഞവർഷം പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 3810 കോടി രൂപയാണ് പദ്ധതിക്ക് ചെലവ്. പദ്ധതിയുടെ പകുതി ചെലവ് വഹിക്കാമെന്ന് കേരളം സമ്മതിച്ചിരുന്നു. കിഫ്ബിവഴി വായ്പയെടുത്ത് കേരളത്തിന്റെ വിഹിതം വഹിക്കാമെന്നും ഇത്തരത്തിൽ കിഫ്ബിയിൽനിന്ന് ചെലവഴിക്കുന്ന തുകയെ സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽനിന്ന്‌ ഒഴിവാക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വ്യക്തമായ ഉറപ്പ് കേന്ദ്രത്തിൽനിന്ന്‌ ഉണ്ടായതായി സൂചനയില്ല.

ചെങ്ങന്നൂർ-പമ്പ പാത പ്രായോഗികമല്ല

അങ്കമാലി-ശബരി പാതയ്ക്ക് പകരമായി നിർദേശിക്കപ്പെട്ട ചെങ്ങന്നൂർ-പമ്പ പാതയ്ക്ക് ദൈർഘ്യം കുറവാണെങ്കിലും സാമ്പത്തികമായി പ്രായോഗികമാവില്ലെന്നാണ് കേരള നിലപാട്. ചെങ്ങന്നൂർ-പമ്പ പാത നടപ്പാക്കുന്നതിൽ കേരളത്തിന് എതിർപ്പില്ലെങ്കിലും പദ്ധതിച്ചെലവിൽ പങ്കുവഹിക്കാനാവില്ലെന്ന് നിലപാടെടുത്തു. കഴിഞ്ഞ വർഷത്തെ പുതുക്കിയ കണക്കനുസരിച്ച് ചെങ്ങന്നൂർ-പമ്പ പാതയ്ക്ക് കണക്കാക്കുന്നത് 9000 കോടിയാണ്.

  • അങ്കമാലി-ശബരി പാതയ്ക്ക് 111 കി.മീ.
  • ചെങ്ങന്നൂർ-പമ്പ പാത 58 കി.മീറ്റർ
  • മരവിപ്പിച്ച അങ്കമാലി-ശബരി പാത പുനരുജ്ജീവിപ്പിക്കാൻ തത്ത്വത്തിൽ സമ്മതിച്ചതുപ്രകാരമാണ് ബജറ്റ് വിഹിതമായ 142 കോടിയിൽ 20 കോടി തിരിച്ചെടുക്കാനും ബാക്കി നിലനിർത്താനും ദക്ഷിണറെയിൽവേ കഴിഞ്ഞദിവസം കേന്ദ്രത്തിന് കത്തെഴുതിയത്.

Source link

More from NewsMore posts in News »