മോഹൻലാലുമായി ബന്ധപ്പെടുത്തി സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളോട് പ്രതികരിച്ച് നടൻ ബൈജു സന്തോഷ്. താരസംഘടനയായ ‘അമ്മ’യുടെ ജനറൽബോഡി മീറ്റിങിനിടെ ബൈജു സന്തോഷും മോഹൻലാലും തമ്മിൽ വാക്കുതർക്കമുണ്ടായി എന്നതരത്തിൽ ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഇതിൽ ഒരു വാസ്തവവുമില്ലെന്നും ഇപ്പോഴുള്ള കമ്മറ്റി തുടർന്നാൽ പോരെ എന്ന് പ്രസംഗത്തിനിടെ താൻ പറഞ്ഞതും മോഹൻലാൽ അതിനു പറഞ്ഞ മറുപടിയുമാണ് വളച്ചൊടിച്ചു പ്രചരിപ്പിക്കുന്നതെന്നും ബൈജു സന്തോഷ് മനോരമ ഓൺലൈനിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
‘‘സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില വാർത്തകൾ ശ്രദ്ധയിൽപെട്ടു. സത്യമറിയാതെ എന്തിനാണ് ചിലർ ഇതിങ്ങനെ പ്രചരിപ്പിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. വാസ്തവം അതൊന്നുമല്ല. ‘അമ്മ’യുടെ ജനറൽ ബോഡി മീറ്റിങിനു മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ പങ്കെടുക്കുന്നത്. മീറ്റിങിനു കുറച്ചു വൈകിയാണ് എത്തിയതും. ഞാൻ എത്തിയപ്പോഴേക്കും ശ്രീ മോഹൻലാൽ പ്രസംഗിച്ചു കഴിഞ്ഞിരുന്നു. ഇപ്പോഴുള്ള കമ്മറ്റിയും പ്രസിഡന്റ് മോഹൻലാലും സ്ഥാനം ഒഴിയുകയാണെന്നും പുതിയ കമ്മറ്റിയെ തിരഞ്ഞെടുക്കുകയാണെന്നും തീരുമാനിച്ചിരുന്നു. ഞാൻ പ്രസംഗിക്കാൻ കയറിയപ്പോൾ ഇതൊന്നും അറിഞ്ഞിരുന്നില്ല.
എനിക്ക് ശ്രീ മോഹൻലാൽ തുടരുന്നതായിരുന്നു താല്പര്യം. അദ്ദേഹത്തിന് തുടരാൻ താല്പര്യം ഇല്ല എന്നുള്ളകാര്യം എനിക്കറിയില്ലായിരുന്നു. പ്രസംഗത്തിനിടയിൽ ഞാൻ പറഞ്ഞു ഈ കമ്മറ്റിയെ അനുകൂലിക്കുന്നവർ ഉണ്ടെങ്കിൽ കൈ പൊക്കൂ, ഇപ്പോൾ ഇരിക്കുന്നതുപോലെ അങ്ങ് തുടർന്നാൽ പോരേ, ഇപ്പോൾ ഉള്ള കമ്മറ്റി രണ്ടുവർഷം കൂടി അങ്ങനെ പോകട്ടെ എന്ന്, ഞാൻ കമ്മറ്റിയെ അനുകൂലിച്ചാണ് സംസാരിച്ചത്.
അദ്ദേഹം നേരത്തെ തന്നെ മാറാൻ തീരുമാനിച്ച് ആ തീരുമാനം പ്രഖ്യാപിച്ചതിനു ശേഷവും ഞാൻ ഇങ്ങനെ പറഞ്ഞത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹം തന്റെ അനിഷ്ടം പ്രകടിപ്പിച്ചു. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും അഭിപ്രായം പറഞ്ഞതാണ്, അല്ലാതെ ഞങ്ങൾ തമ്മിൽ വേറെ പ്രശ്നങ്ങള്‍ ഒന്നും ഇല്ല. ഇത് ‘അമ്മ’ എന്ന സംഘടനയിലെ രണ്ട് അംഗങ്ങൾ തമ്മിൽ നടത്തിയ സ്വകാര്യ സംഭാഷണമാണ്. അങ്ങനെ ഞങ്ങൾ എല്ലാവരും എന്തെല്ലാം സംസാരിക്കുന്നു.
ഒരു സംഘടനയുടെ ജനറൽബോഡിയിൽ സംസാരിച്ച കാര്യങ്ങൾ എങ്ങനെയാണ് പുറത്തുപോകുന്നത്? അത് എനിക്ക് മനസ്സിലാകുന്നില്ല. ഇങ്ങനെയാണെങ്കിൽ ആർക്കും ഒന്നും മിണ്ടാൻ പറ്റില്ലല്ലോ. ആരാണ് അങ്ങനെ പ്രചരിപ്പിച്ചതെന്ന് എനിക്കറിയില്ല. എന്തായാലും ഇത്തരത്തിൽ ഞങ്ങൾ തമ്മിൽ എന്തോ പ്രശ്നമുണ്ടെന്ന് പ്രചരിപ്പിക്കേണ്ട ഒരു കാര്യവും അവിടെ നടന്നിട്ടില്ല.’’– ബൈജു സന്തോഷ് പറഞ്ഞു.
English Summary:
Baiju Santosh Clears the Air: The Real Story Behind the Mohanlal AMMA Meeting Controversy
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-actor-baiju mo-entertainment-movie-mohanlal mo-entertainment-common-amma mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 4cgcsq617t31ogvh455ecjjgfs